കാടാമ്പുഴ ഭഗവതി ക്ഷേത്രം

29 Nov 2021

മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ കാടാമ്പുഴ ശ്രീ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയെ കിരാത രൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹ പ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. “കാടാമ്പുഴയമ്മ” എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ ‘പൂമൂടൽ’, ‘മുട്ടറുക്കൽ’ എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനു മാസത്തിലെ ഋഗ്വേദ ലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളി‍ൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി ഗണപതി (അദൃശ്യ സങ്കല്പം), ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.