മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം

03 Dec 2021

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാ ക്ഷേത്രം. ദുർഗ്ഗാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. എന്നാൽ, സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെടുന്നു.

ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്.പഴശ്ശിരാജയുടെ പരദേവതാ ക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം. പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു.

പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.കഥകളിയിലെ വന്ദന ശ്ലോകമായ മാതംഗാനനമബ്ജവാസരമണീം… എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ഈ ക്ഷേത്രത്തിലെ മൃദംഗരൂപിണിയായ ശ്രീ ദുർഗ്ഗാ ഭഗവതിയെ സ്തുതിക്കുന്നതാണ്. കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീ സ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെടുന്നു.