തൃപ്രയാർ ഏകാദശി

03 Dec 2021

വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്ത പക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തിൽ തീവ്രാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്രയാർ. ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സാധാരണ വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാമുഖ്യം എന്നാൽ തൃപ്പയാറപ്പന്റെ ശൈവ ചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശി പ്രധാനമായത്. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ ദേവനാണ് തൃപ്രയാറപ്പൻ. ലക്ഷ്മീ ദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം.

തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യ ദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്. ഗുരുവായൂരിൽ ഏകാദശി ദിന ചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശി ദിവസം രാത്രിയിൽ ഭഗവാന് ദ്വാദശി സമർപ്പണവുമുണ്ട്. അന്നേ ദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമി വിളക്ക്. അന്നേ ദിവസം മുഖ്യ പ്രതിഷ്ഠയായ ശ്രീരാമനു പകരം ആദ്യ പ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്.