തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

29 Nov 2021

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്.30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേട മാസത്തിൽ വിഷു വിളക്കായി നടത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. “ദക്ഷിണകാശി” എന്നും “ദക്ഷിണ ഗയ” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.